ഷിരൂര്‍ ദൗത്യം..ഗോവയിൽ നിന്ന് ജലമാർഗം ഡ്രഡ്ജറെത്തിക്കാൻ തീരുമാനം.. പ്രതിദിന വാടക 4 ലക്ഷം…

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. ഗോവയിൽ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.ജലമാർ​​​ഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.

22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്.ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നൽകണം. ദിനം പ്രതി നാലു ലക്ഷം രൂപയാണ് വാടക വരുന്നത്. നദിയിലൂടെ കൊണ്ടുവരുമ്പോൾ പാലങ്ങൾക്ക് താഴെ കൂടെ കൊണ്ടുവരേണ്ടതിനാൽ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടിയും വരും. ​ഗോവയിൽ നിന്ന് ഡ്രഡ്ജർ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നദി മാർഗ്ഗമാണ് എത്തിക്കുകയെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു. ഇതിനായുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുമെന്നും സതീശ് സൈൽ എംഎൽഎ 25 ലക്ഷം വാഗ്ദാനം ചെയ്തതായും എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു. നേരത്തെ, തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാൽ എത്തിക്കാനായില്ല. അതേസമയം, വിവിധ ഫണ്ടുകളിൽ നിന്നായി പണം കണ്ടെത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

Related Articles

Back to top button