ഷാറൂഖ് സെയ്‌ഫിയെ കാണാനില്ല… കേരളത്തിൽ പോയിട്ടില്ല….പരാതിയുമായി പിതാവ്
നോയിഡ സ്വദേശി ഷാറൂഖ് സെയ്‌ഫിയെ കാൺമാനില്ലെന്ന് പിതാവ്. മാർച്ച് 31 മുതൽ ഷാറൂഖിയെ കാണാനില്ലെന്നാണ് പിതാവ് ഫക്രുദ്ദീൻ സെയ്‌ഫിയുടെ പരാതി. ഷാറൂഖ് സെയ്‌ഫി കേരളത്തിൽ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നും ഫക്രുദ്ദീൻ സെയ്‌ഫി പറയുന്നു. ഏപ്രിൽ രണ്ടിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു കാർപെന്റർ ആണ് എലത്തൂരിലെ ട്രെയിൻ തീവെപ്പ് സംഭവത്തിലെ പ്രതിയെന്ന രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഷാരൂഖ് സെയ്‌ഫിയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിവരികയാണ്.
ഏപ്രിൽ രണ്ടിന് മകനെ കാണാനില്ലെന്ന പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. ഇന്ന് രാവിലെ മുതലാണ് ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. മകനെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് വന്നതെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് എലത്തൂരിലെ തീപിടിത്തവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണമെന്ന് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ മകന്റെ ചിത്രമാണെങ്കിലും അവൻ തെക്കേ ഇന്ത്യയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് പിതാവിന്റെ വാദം.