ഷാര്‍ജ തീപിടിത്തം…മരിച്ചതിൽ 2 ഇന്ത്യക്കാരും…
ഷാര്‍ജ അല്‍നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍. തീപിടത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്. ഇതില്‍ മരിച്ച മുംബൈ സ്വദേശിനിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു. സംഗീതജ്ഞരായ എ ആര്‍ റഹ്മാന്‍, ബ്രൂണോ മാര്‍സ് എന്നിവരുടെ ഉള്‍പ്പെടെ സംഗീത പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിളെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.