ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി.. അന്വേഷണം…
ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി പ്രവർത്തിച്ചതിൽ പൊലീസ് അന്വേഷണം. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്.
നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇത്തരം സംശയം പൊലീസിനെ അറിയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിൽ മുഹമ്മദ് ഷാഫി കൃത്യമായ ഒരു മറുപടിയും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇലന്തൂരിലെ വിട്ടുവളപ്പിലെ തുടർ പരിശോധന നിർണ്ണായകമാകും. അതേസമയം, കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹത്തിന്‍റെ പോസ്റ്റ്മോർട്ടം നടപടി പുരോഗമിക്കുകയാണ്. ഇത്ര സുദീർഘമായ പോസ്റ്റ്മോർട്ടവും അപൂർവ്വമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും കണ്ടെത്തിയവയിലുണ്ടോ എന്നതും പോസ്റ്റ്മോർട്ടം നടപടിയിൽ വ്യക്തമാകും. നൂറിലേറെ ശരീരഭാഗങ്ങളാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.