ഷാഫി പറമ്പിലിനെ കണ്ണീരോടെ യാത്രയാക്കി കോൺഗ്രസ് പ്രവർത്തകർ
പാലക്കാട്: വടകരയിലേക്ക് തിരിച്ച ഷാഫി പറമ്പിലിനെ കണ്ണീരോടെ യാത്രയാക്കി കോൺഗ്രസ് പ്രവർത്തകർ. കണ്ണീരോടെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചു. പട്ടാമ്പിയിൽ നിന്ന് പാലക്കാടെത്തി കളം പിടിച്ച ഷാഫിക്കും ഈ പോക്ക് അപ്രതീക്ഷിതമാണ് അതിനാല്‍ തന്നെ പ്രവര്‍ത്തകരെ വാരിപുണര്‍ന്ന ഷാഫി പറമ്പിലിനും കണ്ണീരടക്കാനായില്ല. അത്യപൂര്‍വമായ സാഹചര്യത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജയും. വടകരയില്‍ ഇവരില്‍ ആര് ജയിച്ചാലും ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകുമെന്ന ഉറച്ച ഗ്യാരണ്ടിയുമായാണ് ഇരു എംഎല്‍എമാരും വടകരയിലേക്ക് വണ്ടി കയറിയത്. മട്ടന്നൂരിൽ നിന്നുമെത്തിയ കെ.കെ.ശൈലജ വടകരയില്‍ പ്രചാരണം ആരംഭിച്ചു. പാലക്കാട് നിന്ന് സർപ്രൈസ് നിയോഗവുമായാണ് ഷാഫി പറമ്പിൽ എത്തുന്നത്.