ശസ്തക്രിയക്കെത്തിയ യുവതിയുടെ രണ്ട് വൃക്കകള്‍ നീക്കം ചെയ്തു
ശസ്ത്രക്രിയക്കെത്തിയ യുവതിയുടെ വൃക്കകള്‍ രോഗിയറിയാതെ നീക്കം ചെയ്തെന്ന് പരാതി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ക്ലിനിക്കില്‍ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന അസഹനീയമായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്. മുസാഫർപൂരിലെ ബരിയാർപൂർ പ്രദേശത്തെ നഴ്സിംഗ് ഹോം ആയ ശുഭ്കാന്ത് ക്ലിനിക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്ലിനിക്ക് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നഴ്സിംഗ് ഹോമിന്‍റെ ഉടമകള്‍ക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
യുവതി പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ ഡയാലിസിസ് ചെയ്തു വരികയാണ്. യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഐജിഐഎംഎസിൽ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
എന്നാൽ ഇരു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഐജിഐഎംഎസിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ രാജേഷ് തിവാരി പറഞ്ഞു. ഡയാലിസിസിലീടെ അവളുടെ ജീവന്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
കേസിലെ പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് സക്ര പൊലീസ് ഇൻസ്പെക്ടർ സരോജ് കുമാർ പറഞ്ഞു. ശുഭ്കാന്ത് ക്ലിനിക്കിന്റെ ഉടമ പവൻ കുമാർ, ആർ.കെ. സിംഗ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് പേരും ഒളിവിലാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ ചികിത്സയുടെ ചിലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ യുവതിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് പ്രിൻസിപ്പൽ ഡോക്ടർ രഞ്ജിത് ഗുഹ പറഞ്ഞു.