ശബരിമല തീർത്ഥാടനം; ഭക്തർക്കായി സൗകര്യങ്ങൾ വിപുലീകരിക്കാൻ കേരളം സർക്കാർ…

തിരുവനന്തപുരം: ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉന്നതതല യോഗത്തിൽ പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചയായതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഭക്തർക്ക് ഇടത്താവളങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തും. പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാവും. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാക്കും. എരുമേലിയിലെ പാര്‍ക്കിംഗ് വിപുലീകരിക്കാനും തീരുമാനമുണ്ട്. നിലവിൽ എരുമേലിയില്‍ 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പാര്‍ക്കിംഗിനായി മറ്റൊരു സ്ഥലം കൂടി കണ്ടെത്താന്‍ കോട്ടയം കലക്ടര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഭക്തര്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോന്നി മെഡിക്കല്‍ കോളേജിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രത്യേക സെല്ല് തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. മരക്കൂട്ടത്തില്‍ പ്രത്യേക ആംബുലന്‍സ് ക്രമീകരിക്കും. മാലിന്യ നിര്‍മാര്‍ജനം സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പുല്‍മേട് വഴിയും മറ്റു വനമേഖല വഴിയും വരുന്ന ഭക്തര്‍ക്ക് ഫോറസ്റ്റുകാരുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കും. മഴയും വെയിലും പ്രിതിസന്ധിയാകാത്ത തരത്തില്‍ ദേവസ്വം ബോര്‍ഡ് റൂഫിംഗ് ഏര്‍പ്പെടുത്തും.

ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 80,000 ഭക്തര്‍ ഒരു ദിവസം വരുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. മുന്‍ അനുഭവങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ കുറവുകൾ ഉണ്ടാകാതിരിക്കാൻ ഭാവിയില്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭക്തരുടെ തിരക്ക് കൂടിയാലും ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിന് പൊലീസ് മാസ്റ്റര്‍ പ്ലാന്‍ ഒരുക്കിയിട്ടുണ്ടെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button