ശക്തമായ മഴയ്ക്ക് സാദ്ധ്യത… സ്‌കൂളുകള്‍ക്ക് അവധി….

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് കരയിലേയ്ക്ക് ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുള്‍പ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അതിതീവ്ര ചുഴലിക്കാറ്റായ മാന്‍ദൗസ് വരും മണിക്കൂറില്‍ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. തുടര്‍ന്ന് അര്‍ദ്ധ രാത്രി തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വരെ വേഗതയില്‍ പുലര്‍ച്ചെയോടെ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി അതിശക്തമായ മഴയാണ് തമിഴ്നാട്ടില്‍ ഉണ്ടാകുക. ഇതിന്റെ അടിസ്ഥാനത്തില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാടിന് പുറമേ പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും മഴ ലഭിക്കും. ഇതേ തുടര്‍ന്ന് തീരമേഖലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തീരമേഖലകളില്‍ ദുരന്തനിവാരണ സേനയെയും വിന്യസിച്ചു. ഇരുന്നൂറിലധികം ദുരുതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

Related Articles

Back to top button