ശക്തമായ കാറ്റ്..അമ്പലപ്പുഴയിൽ വ്യാപക നാശനഷ്ടം…
ശക്തമായ കാറ്റിലും മഴയിലും അമ്പലപ്പുഴയിൽ വൻ നാശനഷ്ടം.കരുമാടിയിലും പുറക്കാടും മരം വീണ് വീടുകൾ തകർന്നു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി ഗുരുമന്ദിരത്തിന് സമീപം വടക്കേ പുത്തൻപുരക്കൽ രത്നമ്മ (74)യുടെ വീടാണ് തകർന്നത്. വൈകിട്ട് 4.30 ഓടെ വീശിയടിച്ച കാറ്റിൽ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന മാവും, അടക്കാ മരവുമാണ് വീടിനു മുകളിൽ പതിച്ചത്. ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണ്ണമായും തകർന്നു. ഈ സമയം രത്നമ്മയും മറ്റു കുടുംബാംഗങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.
പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മുതിരപ്പറമ്പിൽ വത്സലയുടെ വീടിന് മുകളിലും മരം വീണ് അപകടം ഉണ്ടായി.വീടിൻ്റെ ഭിത്തിക്ക് പൊട്ടൽ വീഴുകയും ജനൽ ഗ്ലാസുകൾ പൊട്ടുകയും ചെയ്തു .ഉച്ചയോടെ അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റാണ് മരം മറിഞ്ഞു വീഴാൻ കാരണമായത് .