ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശം..എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്..തിങ്കളാഴ്ച വരെ മഴ…
ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മരം കടപുഴകി വീണ് കോഴിക്കോട് 4 വീടുകളും പാലക്കാട് ധോണിയിൽ ഒരു വീടും തകർന്നു.കോഴിക്കോട് കുതിരവട്ടം പൊറ്റമ്മൽ മേഖലയിൽ ശക്തമായ കാറ്റ് വ്യാപക നാശനഷ്ടം വിതച്ചു. കുതിരവട്ടം സ്വദേശി മോഹനന്റെ വീട് പൂർണമായും തകർന്നു. കുറ്റ്യാടി , നാദാപുരം മേഖലയിലും വലിയ നാശം ഉണ്ടായിട്ടുണ്ട്.താമരശ്ശേരി മേഖലയിലും അതിശക്തമായ കാറ്റാണ് വീശിയത്. മരങ്ങൾ പൊട്ടിവീണ് 2 വീടുകൾ ഭാഗികമായി തകർന്നു.
കൊയിലാണ്ടി ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയി അപകടത്തിൽപെട്ട 45 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ചുഴലിയിൽപെട്ട് മൂന്ന് വള്ളങ്ങൾ തകർന്നു.കൊല്ലം ഭരണിക്കാവ് ജെ എം എച്ച് എസ് സ്കൂളിന് മുന്നിൽനിന്ന കൂറ്റൻ മരം ഒടിഞ്ഞ് വീണു. സ്കൂൾ വിടുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് അപകടം എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.