വ്യാജ സർട്ടിഫിക്കറ്റ് വിവാദം.. അച്ചടക്ക നടപടി നേരിട്ട പ്രിൻസിപ്പലിന് വീണ്ടും ചുമതല നൽകാൻ നീക്കം…

കായംകുളം: കായംകുളം എം.എസ്.എം കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട പ്രിൻസിപ്പലിന് വീണ്ടും ചുമതല നൽകാൻ നീക്കം. എം.എസ്.എം കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹക്ക് പ്രിൻസിപ്പലിന്റെ പൂർണ്ണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന് സിൻഡിക്കേറ്റ് ഉപസമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. കേസിലെ കഴിഞ്ഞ വര്‍ഷം ജൂൺ 23നാണ് നിഖിൽ തോമസ് പൊലീസിന്‍റെ പിടിയിലായത്. പിന്നാലെ നിഖിൽ തോമസിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.

Related Articles

Back to top button