വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മനുഷ്യത്വ രഹിതമായ കമന്റ് ഇട്ട് വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമം
താനൂര്‍ : താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ കേരളം ഒന്നടങ്കം സങ്കടകയത്തില്‍ നില്‍ക്കുമ്പോള്‍ വര്‍ഗീയത കാണിച്ച് മുതലെടുപ്പ് നടത്താന്‍ ഒരു കൂട്ടരുടെ ശ്രമം. നിഖില്‍ നേമം എന്ന വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് അതില്‍ നിന്നും മീഡിയ വണ്‍ ചാനലിന്റെ വാര്‍ത്തയ്ക്കടിയില്‍ മനുഷ്യത്വ രഹിതമായ ഒരു കമന്റ് ഇട്ടുകൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
നിഖില്‍ നേമം എന്ന പേരില്‍ ഉണ്ടാക്കിയ വ്യാജപ്രൊഫൈല്‍ ഉപയോഗിച്ച് താനൂര്‍ ബോട്ടപകടത്തെ ക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ മലപ്പുറത്ത് അല്ലെ സാരമില്ല എന്നുള്ള കമന്റ് ആണ് ഇട്ടിരിക്കുന്നത് . ഈ കമന്റ് ഇട്ട ശേഷം ഏതാണ്ട് എട്ടു മിനിറ്റിനുള്ളില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. നിരന്തരമായി തീവ്രവാദ ആഭിമുഖ്യമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് ആ വിദ്വേഷ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നത്.