വ്യാജ പീഡന പരാതിയിൽ യുവാവ് ജയിലിൽ കിടന്ന അത്രയും ദിവസം യുവതിക്കും തടവുശിക്ഷ…..

വ്യാജ പീഡന പരാതിയിൽ പരാതിക്കാരിക്ക് 1653 ദിവസം തടവുശിക്ഷ വിധിച്ച് ബറേലി കോടതി. അജയ് കുമാർ എന്നയാള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ സഹോദരിയെ പ്രണയിച്ചയാൾക്കെതിരെ വ്യാജ മൊഴിയാണ് നൽകിയതെന്ന് പരാതിക്കാരി പിന്നീട് കോടതിയിൽ അറിയിച്ചു. തുടർന്നാണ് അജയ് കുമാർ ജയിലിൽ കിടന്ന അത്രയും ദിവസങ്ങൾ പരാതിക്കാരിയും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടത്. നാല് വർഷവും ആറ് മാസവും എട്ട് ദിവസവുമാണ് യുവതി ജയിലിൽ കഴിയേണ്ടത്. 5.88 ലക്ഷം രൂപ പിഴയും ചുമത്തി.

2019ലാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി 21കാരിയായ യുവതി 25കാരനെതിരെ നൽകിയത്. അന്ന് 15 വയസ്സായിരുന്നു പ്രായം. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. എന്നാൽ വിചാരണക്കിടെ യുവതി മൊഴി മാറ്റി. സഹോദരിയുമായുള്ള യുവാവിന്‍റെ ബന്ധം ഇഷ്ടപ്പെടാതിരുന്ന അമ്മയുടെ സമ്മർദത്തെ തുടർന്നാണ് വ്യാജ പരാതി ഉന്നയിച്ചത് എന്നാണ് യുവതി പറഞ്ഞത്.
തുടർന്ന് യുവാവിനെ മോചിപ്പിക്കുകയും യുവതിയെ ജയിലിൽ അടയ്ക്കുകയും ചെയ്തു. 2019 സെപ്തംബർ 30 മുതൽ 2024 ഏപ്രിൽ 8 വരെയാണ് യുവാവ് ജയിലിൽ കിടന്നത്. ഇത്രയും കാലത്തെ തടവുശിക്ഷയാണ് കോടതി യുവതിക്ക് വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 195ആം വകുപ്പ് പ്രകാരമാണ് നടപടി. , വ്യാജ പരാതി കാരണം ഒരു നിരപരാധിക്ക് 1653 ദിവസം ജയിലിൽ കഴിയേണ്ടിവന്നെന്ന് കോടതി നിരീക്ഷിച്ചു.

Related Articles

Back to top button