വ്യക്തിപരമായ നേട്ടത്തിനല്ല പരാതി നൽകിയത്… യുവ നടന്റെ പേര് ഉടൻ വെളിപ്പെടുത്തും….
തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് നടി. വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും നടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി പറഞ്ഞു. വിദേശ നമ്പറിൽ നിന്ന് ഫോൺ കാൾ വരുന്നുണ്ട്. എന്നാൽ ഞാൻ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും മാധ്യമ പ്രവർത്തകൻ എന്ന പേരിൽ ചിലർ വരുന്നുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നുൾപ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ നടൻ്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.