വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്തത് വിദ്യാർത്ഥിനി..കൈവിരലില്‍ പഴുപ്പു ബാധിച്ചു….
കോഴിക്കോട് : വോട്ടിംഗിനിടെ പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു.വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ കയ്യാണ് പഴുത്തത് .എൻഎസ്എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിൽ കുട്ടി എത്തിയത് .എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിക്കുകയായിരുന്നു എന്ന് പറയുന്നു .
തുടർന്ന് കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുട്ടി പറയുന്നു .ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയുടെ കൈവിരലുകളിൽ പഴുപ്പ് ബാധിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ചിലപ്പോൾ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചത്.വിദ്യാർഥിനിയെ മഷി പുരട്ടാൻ ഏൽപിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.