വൈക്കം സത്യഗ്രഹം – മാവേലിക്കര സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം

മാവേലിക്കര: വൈക്കം സത്യഗ്രഹത്തിനു പിന്തുണ അറിയിച്ചുകൊണ്ട് മാവേലിക്കരയില്‍ നടന്ന സമ്മേളനത്തിനു നൂറുവര്‍ഷം തികഞ്ഞു. 1924 ജൂണ്‍ 4നായിരുന്നു പുല്ലംപ്ലാവ് ജംഗ്ഷനില്‍ സമ്മേളനം ചേര്‍ന്നത്. മാവേലിക്കര സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷം കഥ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 5 മണിക്ക് പുല്ലംപ്ലാവ് ജംഗ്ഷനില്‍ നടക്കും. കെ.കെ.സുധാകരന്‍ അധ്യക്ഷത വഹിക്കും. ചരിത്രകാരന്‍ ജോര്‍ജ് തഴക്കര മുഖ്യപ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി റെജി പാറപ്പുറത്ത് അറിയിച്ചു.
വൈക്കം സത്യാഗ്രഹ സമരത്തെ അനുകൂലിച്ചുകൊണ്ട് ജൂണ്‍ 4ന് പുല്ലാംപ്ലാവ് ടൗണ്‍ ഹാളിന്‍റെ സമീപത്തുവച്ചാണ് സമ്മേളനം നടന്നത്. അന്നത്തെ മാവേലിക്കര പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എം.ജോര്‍ജ് തിരുവിതാംകൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നുമാണ് ഈ അനുഭാവചരിത്രം പുറത്തുവരുന്നത്. കോണ്‍ഗ്രസ് സെക്രട്ടറിമാരായ കൊച്ചുവീട്ടില്‍ പത്മനാഭപിള്ള, ചാങ്കൂര്‍ കൃഷ്ണപ്പണിക്കര്‍ എന്നിവരായിരുന്നു പ്രധാന സംഘാടകര്‍. കേരളാഭിമാനിയുടെ പത്രാധിപരായിരുന്ന പടിഞ്ഞാറേ തലയ്ക്കല്‍ ജേക്കബ് കുര്യനായിരുന്നു അധ്യക്ഷന്‍. അഡ്വ.ഗോപാലക്കുറുപ്പ്, കെ.സി.കുഞ്ഞുരാമന്‍, കൊച്ചിക്കല്‍ പരമേശ്വരന്‍ തമ്പി എന്നിവരും ചെങ്ങന്നൂര്‍ സ്വദേശിയായ തയ്യില്‍ കൃഷ്ണപിള്ളയും പ്രസംഗിച്ചു.
തിരിച്ചറിയുവാന്‍ കഴിയുന്ന സൈക്കിള്‍ ഷോപ്പുകാരനായ പാച്ചുപിള്ള, എം.എം.സാമുവല്‍, കണ്ടിയൂര്‍ക്കാരനും സ്കൂള്‍ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ഓഫീസിലെ ക്ലര്‍ക്കുമായ നാണുപിള്ള എന്നിവരും കേള്‍വിക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നതായുമാണ് നൽകിയ റിപ്പോര്‍ട്ട്.

Related Articles

Back to top button