വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ശ്രദ്ധ വേണം..മുന്നറിയിപ്പുമായി വീണ ജോർജ്…

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് .അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്.കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Back to top button