വേദിയിൽ ചിരിയുണർത്തി… പുലർച്ചെ ആ ചിരി മാഞ്ഞു….

തൃശ്ശൂർ: നടൻ കൊല്ലം സുധി വാഹനാപകടത്തിൽപ്പെടുന്നത് വടകരയില്‍ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോള്‍. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരേ വേദിയിൽ ചിരിയുണർത്തി മടങ്ങുമ്പോള്‍ ഉണ്ടായ ദാരുണ അപകടത്തിൽ പ്രിയപ്പെട്ടവന്‍റെ ജീവൻ പൊലിഞ്ഞ തീരാ ദുഖത്തിലാണ് കൂട്ടുകാരായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ. ഇവരും സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.

തൃശൂർ കയ്പമംഗലത്ത് പനമ്പിക്കുന്നില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. വടകരയിൽ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. വളവ് കടന്നുവന്ന പിക്കപ്പ് വാൻ കാറിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. . ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button