വെള്ളായണിയില്‍ മുങ്ങി മരിച്ച കുട്ടികള്‍ക്ക് നാട് കണ്ണീരോടെ വിടനല്‍കി….
വെള്ളായണി പറക്കോട്ട് കുളത്തില്‍ വ്യാഴാഴ്ച വൈകീട്ട് മുങ്ങി മരിച്ച ബിലാലിനും ഇഹ്‌സാനും നാട് കണ്ണീരോടെ വിട നല്‍കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇരുവരും പഠിച്ച നേമം വിക്ടറി വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. സ്‌കൂള്‍ ഇല്ലാതിരുന്നിട്ടും കുട്ടികളും അധ്യാപകരും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളിലെത്തി. എന്‍..സി.സി. കേഡറ്റായിരുന്നു ബിലാല്‍. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റായിരുന്ന ഇഹ്‌സാന്‍. അടുത്ത് പത്താം ക്ലാസില്‍ ചേരാനിരിക്കെയാണ് രണ്ടുപേരുടെയും മരണം. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ഇരുവരുടെയും വീട്ടില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നു. അവിടെ നിന്നും വെള്ളായണി ജുമാ മസ്ജിദില്‍ അടുത്തടുത്ത് കബറടക്കി. രാവിലെ മന്ത്രി വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വിന്‍സെന്റ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത റൂഫസ്, എം.എം.ബഷീര്‍, ആര്‍.പ്രദീപ് കുമാര്‍, നേമം രാജന്‍, കമ്പറ നാരായണന്‍, പാപ്പനംകോട് അജയന്‍, എ.കമാല്‍, വി.എസ്. ഷാജി, തമലം കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.