വെള്ളക്കെട്ട് പരിഹരിക്കുവാൻ ആലപ്പുഴക്ക് മാസ്റ്റർ പ്ലാൻ…
അമ്പലപ്പുഴ:നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുവാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ തീരുമാനിച്ചു. തോരാതെ പെയ്ത മഴയിൽ നഗരത്തിലുണ്ടായ അസാധാരണമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ എച്ച്. സലാം എം. എം. എൽ എ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മണ്ഡലത്തിലുൾപ്പെട്ട നഗരസഭാ വാർഡുകളിലെ ജനപ്രതിനിധികളുടേയും, റവന്യു, ഇറിഗേഷൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം, നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗമാണ് എച്ച്. സലാം വിളിച്ചു ചേർത്തത്. നഗരത്തിൻ്റെ ഹൃദയഭാഗങ്ങളിലുൾപ്പടെ പ്രളയ സമാനമായ വെള്ളക്കെട്ടാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
ഓടകളും കാനകളും മാലിന്യങ്ങളാൽ നിറഞ്ഞതും, കൈയ്യേറ്റം മൂലം പൊതു തോടുകളിലുൾപ്പടെ ഒഴുക്കു നിലച്ചതുമാണ് വെള്ളക്കെട്ടിനു കാരണമായത്.നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണുന്നതിനും അടിയന്തിരമായി ചെയ്യേണ്ട പ്രവർത്തികളെക്കുറിച്ചും ചർച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടു.താത്കാലിക പരിഹാരം കാണാൻ ഓടകളും കാനകളും അടിയന്തിരമായി വീണ്ടും ശുചീകരിക്കും.തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. ഷഡാമണി, റാണി തോടുകൾ ഇറിഗേഷൻ, നഗരസഭ, കിഡ്ക്ക് എന്നിവർ ചേർന്നും, മറ്റ് ചെറിയ തോടുകൾ നഗരസഭയും ശുചീകരിക്കും. ആലപ്പുഴ – അമ്പലപ്പുഴ തോട് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കനാൽ നവീകരണത്തിൽ ഉൾപ്പെടുത്തിയും ശുചീകരിക്കും.
നഗരത്തിലെ വെള്ളക്കെട്ടിന് കാരണമായി തീരുന്ന പൊതു തോടുകളിലെ കയ്യേറ്റം കണ്ടെത്തുന്നതിനും രേഖകൾ പരിശോധിച്ച് ഒഴിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളും.
ഇരുമ്പുപാലത്തിന് തെക്കു ഭാഗത്തെ കലുങ്ക് പുനർനിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുവാൻ പൊതുമരാമത്ത് എൻ .എച്ച് വിഭാഗത്തെ ചുമതലപ്പെടുത്തി. അർമാൻ സൂപ്പർ മാർക്കറ്റിന് സമീപത്തെയും, ഇ. എം. എസ് സ്റ്റേഡിയത്തിനും മുന്നിലുള്ള കലുങ്ക് ഉൾപ്പെടെയുള്ളവ പരിശോധിച്ച് ശാശ്വത പരിഹാരത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. തോടുകൾ കയ്യേറുന്നതും ശുചീകരിച്ച തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നതും കർശനമായി അവസാനിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. തുടർന്ന് പ്രധാന കലുങ്കുകളും സ്ഥലങ്ങളും എം. എൽ. എ യും കൗൺസിലർമാരും ഉദ്യോഗസ്ഥ സംഘവും ചേർന്ന് സന്ദർശിച്ചു.