വൃക്ക മാറ്റിവെച്ചതിന്റെ പേരിൽ മലയാളി പെൺകുട്ടികൾ വിവാഹത്തിന് വിസമ്മതിച്ചു, ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് നഴ്സ് എത്തി:ലാലിന്റെ ജീവിത സഖിയാകുവാൻ

മാവേലിക്കര- ലാലിന് പ്രായം 34 ആയി. വിവാഹ ആലോചനകൾ നിരവധി വന്നെങ്കിലും ഒന്നും അങ്ങോട്ട് തരപ്പെടുന്നില്ല. എല്ലാ പെൺകുട്ടികളുടെ വീട്ടുകാർ വേണ്ടെന്ന് വെക്കുന്നതായിരുന്നു. കാരണം മറ്റൊന്നുമല്ല, ലാലിന്റെ വൃക്ക മാറ്റിവെച്ചതാണ്. വിവാഹം നടന്നില്ലെങ്കിലും കാര്യങ്ങൾ തുറന്ന് പറയാതെ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടാൻ ലാൽ തയ്യാറായിരുന്നില്ല.

അമ്പലപ്പുഴ കരുമാടി വലിയവീട്ടിൽ ലാൽ.റ്റി.കെ മൂന്ന് വർഷത്തോളമായി മാവേലിക്കരയിലാണ് താമസം. ഇവിടെ പ്രമുഖ അഭിഭാഷകനായ പത്മകുമാറിന്റെ ക്ലർക്കായി ജോലി ചെയ്യുകയാണ്. 2016ൽ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് വൃക്കയെ ബാധിക്കുകയും ഇരു വൃക്കകളും പ്രവർത്തന രഹിതമാകുകയും ചെയ്തു. തുടർന്ന് 2018 ജനുവരിയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയ നടത്തി. ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്തതോടെ വീണ്ടും ജോലി ചെയ്ത് തുടങ്ങി. അന്ന് ആലപ്പുഴയിൽ അഭിഭാഷകന്റെ ക്ലർക്ക് ആയിരുന്നു. ജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ വിവാഹ ആലോചനകൾ തുടങ്ങി. എന്നാൽ വരുന്നവർ വൃക്ക മാറ്റിവെച്ച കഥ അറിയുന്നതോടെ മടങ്ങി പോകുകയയായിരുന്നു.

ഒരു സുഹൃത്ത് മുഖേനയാണ് തമിഴ്നാട്ടിൽ നിന്ന് ആലോചന വന്നത്. കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞപ്പോളും വീട്ടുകാർക്ക് പൂർണ്ണ സമ്മതം. എന്നാൽ ദൂരം കൂടുതലായതിനാൽ അവർ ഒന്ന് മടിച്ചു. പക്ഷേ പെൺകുട്ടിക്ക് വിവാഹത്തിന് പൂർണ്ണ സമ്മതമായിരുന്നു. ഇതോടെ വിവാഹ ആലോചനയുമായി മുന്നോട്ട് പോകുകയായിരുന്നു.

തമിഴ്നാട്ടിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന ലക്ഷ്മി (30) ആണ് ഇന്ന് ലാലിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. രാവിലെ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഈരുവരും വരണമാല്യം അണിയിച്ചു. വൈകിട്ട് മാവേലിക്കരയിൽ സുഹൃത്തുക്കൾക്കായി വിരുന്നു ഒരുക്കി. ഒടുവിൽ എല്ലാം അറിഞ്ഞ് ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു നഴ്സ് ആണെന്ന സന്തോഷത്തിലാണ് ലാൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button