വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ.. അക്ഷയ് ലക്ഷ്മണിന് ധനസഹായവുമായി കരസേന…
സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ധനസഹായം നൽകുമെന്ന് കരസേന. നോണ്‍ കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് തുകയായി 48 ലക്ഷം രൂപയും എക്സ്ഗ്രേഷ്യ പേയ്മെന്റായി 44 ലക്ഷം രൂപയും നൽകും. ഇതിന് പുറമേ അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. കൂടാതെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കും. ലക്ഷമണിന്റെ കാര്യത്തില്‍ ഇത് ഏകദേശം 13 ലക്ഷത്തിലധികം രൂപ വരും.
ആംഡ് ഫോഴ്സസ് ബാറ്റില്‍ കാഷ്വാല്‍റ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അടിയന്തിര ധനസഹായമായി ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന് 30,000 രൂപയും നല്‍കുമെന്ന് സൈന്യം വിശദീകരിക്കുന്നു. സിയാച്ചിൻ ഡ്യൂട്ടി സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഓപറേറ്റർ അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്മണന് ഇന്ത്യൻ സൈന്യം ഞായറാഴ്ച ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് അവരുടെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിച്ചു.