വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം..പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു…
രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സൂചന. റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു. പാസഞ്ചർ ട്രെയിനാണ് ഇരുമ്പ് ദണ്ഡിൽ ഇടിച്ചത്. ട്രെയിൻ ഇരുമ്പ് ദണ്ഡിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗുജറാത്തിലെ ബോട്ടാദില്ലിൽ ആണ് അപകടം നടന്നത്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
റാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുമ്പോൾ ഓഖ-ഭാവ്‌നഗർ പാസഞ്ചർ ട്രെയിൻ (19210) നാലടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് കിഷോർ ബലോലി പറഞ്ഞു. റെയിൽവേ പാളത്തിന്റെ നടുവിലായി കുത്തിനിർത്തിയ രീതിയിലാണ് ഇരുമ്പ് ദണ്ഡ് സ്ഥാപിച്ചിരുന്നത്. കുണ്ഡ്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



