വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളിക്ക് കിട്ടിയത്…
കെട്ടിടം പണിക്കിടെ തൊഴിലാളിക്ക് ലഭിച്ചത് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ലക്ഷങ്ങൾ വില വരുന്ന പുരാതന നാണയ ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങളുടെ വലിയ ശേഖരമാണ് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 136 വർഷം പഴക്കമുള്ള ഈ നിധിശേഖരത്തിന് 1.92 ലക്ഷം രൂപയുടെ മൂല്യമുണ്ട്. നാണയങ്ങൾ തൊഴിലാളി പൊലീസിന് കൈമാറി.
മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു വീട് പണിക്കിടയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ നിധി ശേഖരം കണ്ടെത്തിയത്. 1887 -ലെ 240 വെള്ളി നാണയങ്ങൾ ആയിരുന്നു ഈ നിധിശേഖരത്തിൽ ഉണ്ടായിരുന്നത്. നാണയശേഖരം കണ്ടെത്തിയ തൊഴിലാളികൾ ആദ്യം ഇക്കാര്യം മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഗ്രാമവാസികൾ ഇടപെട്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നാണയ ശേഖരം കൈപ്പറ്റി.
മീനാക്ഷി ഉപാധ്യായ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ആണ് നാണയ ശേഖരം കണ്ടെത്തിയത്. തുടർന്ന് ഇത് കൈവശം വയ്ക്കുന്നതും ആയി ബന്ധപ്പെട്ട് തൊഴിലാളികൾക്കിടയിൽ തർക്കം ഉണ്ടാവുകയും ഇതിനെ തുടർന്നാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കൂടുതൽ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
നിലവിൽ ഈ നിധി ശേഖരം കണ്ടെത്തിയ സ്ഥലത്തെ തുടർ നിർമ്മാണ പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പുരാവസ്തു വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ഏറെ പഴക്കം ചെന്ന ഒരു വീടിൻറെ തറ പൊളിച്ചു നിൽക്കുന്നതിനിടയിലാണ് ഈ നാണയ ശേഖരം കണ്ടെത്തിയത്. വീടിനോട് ചേർന്ന് തന്നെ ഏറെ പഴക്കം ചെന്ന ഒരു അമ്പലവും ഉണ്ട്. ഇനിയും കൂടുതൽ പുരാവസ്തു ശേഖരങ്ങൾ ഇവിടെ നിന്നും കിട്ടിയേക്കാം എന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ്. നിയമം അനുസരിച്ച്, ഏതെങ്കിലും വ്യക്തി പുരാതന വസ്തുക്കൾ കണ്ടെത്തിയാൽ അത് 24 മണിക്കൂറിനുള്ളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിനോ അംഗീകൃത ഉദ്യോഗസ്ഥനെയോ അറിയിക്കണം, അല്ലാത്തപക്ഷം തടവോ പിഴയോ ലഭിക്കും.