വീട് കുത്തിത്തുറന്ന് മോഷണം….. 35 പവനും 4000 രൂപയും നഷ്ടമായി….

കുന്ദമംഗലം കാരന്തൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. കിഴക്കേ മേലേടത്ത് കൃപേഷിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. 35 പവന്റെ സ്വര്‍ണാഭരണങ്ങളും 4000 രൂപയും നഷ്ടമായതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം മിംസ് ആശുപത്രിയിലെ ജീവനക്കാരനാണ് കൃപേഷ്. കുട്ടിക്ക് അസുഖമായതിനാല്‍ ഭാര്യയും കുട്ടികളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. രാത്രിയില്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് മോഷണം നടന്നിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി 10.30നും ഇന്ന് രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം നടന്നിരിക്കാന്‍ സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെ വീട് തുറക്കാനെത്തിയ കൃപേഷിന്റെ അമ്മയാണ് വീടിന്റെ വാതില്‍ തകര്‍ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ വീട്ടിലുള്ള സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.

ഉടന്‍ നാട്ടുകാരെയും കുന്ദമംഗലം പൊലീസിനെയും അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് സമാനമായ രീതിയില്‍ മോഷണം നടന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെയും മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Related Articles

Back to top button