വീട്ടിൽ നിന്ന് 26 പവൻ മോഷ്ടിച്ച പ്രതിയെ വലയിലാക്കി പോലീസ്…
മലപ്പുറം ഇരിമ്പിളിയം മങ്കേരിയിൽ വീട്ടിൽ നിന്ന് 26 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. വല്ലപ്പുഴ സ്വദേശി നൗഷാദാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മങ്കേരി സ്വദേശി മുഹമ്മദലിയുടെ വീട്ടിൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടുടമയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.വീട് കുത്തിതുറന്ന് മോഷണം നടന്ന പഴയകാല കേസുകളിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് സംശയം നൗഷാദിലേക്ക് നീണ്ടത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പണയം വെയ്ക്കുകയും ചെയ്തു എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.