വീട്ടിൽ നിന്നു കടയിലെത്തിയപ്പോൾ ബോണറ്റിൽ നിന്നു ആരോ തലപൊക്കി… സൂക്ഷിച്ചു നോക്കിയപ്പോൾ
പെരിയാട്ടടുക്കത്ത് ഹാർഡ്‌വെയർ കട നടത്തുന്ന പെരിയ വണ്ണാത്തിച്ചാലിലെ അശോകൻ വീട്ടിൽ നിന്നു കടയിലെത്തിയപ്പോഴാണ് ബോണറ്റിൽ നിന്നു എന്തോ തലപൊക്കിയതുപോലെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഒന്ന് അമ്പരന്നു. ഒന്നുകൂടി നോക്കി.സൂക്ഷിച്ചു നോക്കിയപ്പോൾ ബോണറ്റിൽ നിന്നു ഒരു പാമ്പ് തലപൊക്കുന്നു. ഉടൻ തന്നെ പാമ്പുപിടിത്ത വിദഗ്ധൻ പനയാലിലെ കെ.ടി.സന്തോഷിനെ വിളിച്ചു. വണ്ടി ബോണറ്റ് തുറന്നു വെയിലത്തു വയ്ക്കാനായി നിർദേശം. അങ്ങനെ ചെയ്തപ്പോൾ പാമ്പ് വണ്ടിയിൽ നിന്നിറങ്ങി പോവുകയായിരുന്നു.ഇത് അശോകന്റെ മാത്രം അനുഭവമല്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാമ്പുകൾ, പ്രത്യേകിച്ച് പാമ്പിൻകുഞ്ഞുങ്ങൾ വീട്ടുമുറ്റങ്ങളിലും നടവഴികളിലും കാണുന്ന സംഭവങ്ങൾ വ്യാപകമാണ്. ഇതു പാമ്പുകളുടെ പ്രജനനകാലമായതാണു പ്രധാനം. മുട്ടകൾ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തുവരുന്ന സമയമാണിത്. മഴ പെയ്തതോടെ, മാളങ്ങളിൽ വെള്ളം കയറി പാമ്പുകൾ പുറത്തിറങ്ങും. ഇവയെ കാണാതെ ചവിട്ടുകയോ മറ്റോ ചെയ്താൽ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. രാജവെമ്പാല ഉൾപ്പെടെയുള്ള വിഷപ്പാമ്പുകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.