വീട്ടിൽ അതിക്രമിച്ചു കയറിയും വിവാഹ വാഗ്ദാനം ചെയ്‌തും യുവാവിൻ്റെ പീഡനം… യുവാവ് അറസ്റ്റിൽ…
പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുകയും തുടർന്ന് വിവാഹവാഗ്ദാനം കൊടുത്ത് നിരന്തരം പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വടക്കൻ മൈനാഗപ്പള്ളി രാജാസുധ വീട്ടിൽ മിഥുൻ രാജ് (28) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്.
2021 മേയിലാണ് വീട്ടിൽ അതിക്രമിച്ചുകയറി ഇയാൾ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചത്. തുടർന്ന് ജൂലൈയിൽ പ്രലോഭിപ്പിച്ചു കൊണ്ടുപോയി സൂര്യനെല്ലിയിലെ റിസോർട്ടിൽ വച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചു.
ഇന്നലെ യുവതി കൊടുമൺ സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, രാത്രി തന്നെ പ്രതിയെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി. കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വിശദമായ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.