വീടിൻ്റെ മേൽക്കൂര പറന്നുപോയി… എന്തു ചെയ്യണമെന്നറിയാതെ വൃദ്ധ ദമ്പതികൾ… ഒപ്പം രണ്ടു കൊച്ചുമക്കളും…
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര പറന്നു പോയി. വൃദ്ധ ദമ്പതികളും, രണ്ടു കൊച്ചുമക്കളും അടങ്ങിയ കുടുംബം എന്തു ചെയ്യണമെന്നറിയാതെ സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ എഴുപതിൽ ചിറ വീട്ടിൽ ജോർജ് -മഹേശ്വരി വൃദ്ധദമ്പതികളുടെ മേൽക്കൂര പറന്നു പോയത്.
ഈ സമയം ജോർജ് പുല്ലുചെത്താൻ പോയിരിക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴാണ് വീട് തകർന്നു കിടക്കുന്നതു കണ്ടത്. മകൾ മരിച്ചതിനാൽ മകളുടെ രണ്ടു മക്കളും ഇവരുടെ കൂടെ ആണ് താമസം. പണികളൊന്നും ചെയ്യാനാവാത്ത രോഗാവസ്ഥയിൽ കഴിയുന്ന 68 കാരനായ ജോർജും ഭാര്യയും സർക്കാൻ കനിയുമെന്ന പ്രതീക്ഷയിലാണ്. കയറി കിടക്കാൻ മറ്റു സ്ഥലങ്ങളൊന്നുമില്ലാത്ത ഇവരുടെ കയ്യിൽ പൊട്ടിയ ഷീറ്റുകൾ മാറ്റാനുള്ള പണം പോലും ഇല്ല .വില്ലേജ് ഓഫീസറും, ജനപ്രതിനിധികളും വന്നിരുന്നു. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തകർന്ന വീട്ടിൽ കഴിയുകയാണ് ഇവർ.