വിഷ്ണുജിത്ത് കോയമ്പത്തൂരില്‍..സിസിടിവി ദൃശ്യങ്ങൾ പുറത്ത്…
മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായാണ് പോലീസിന് ലഭിച്ച വിവരം.വിഷ്ണുജിത്തിന്റെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു. വിഷ്ണുജിത്തിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്. വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പൊലീസ്. ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഈ മാസം നാലാം തീയതി മുതലാണ് മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെ കാണാതായത്. വിവാഹത്തിനായി കുറച്ച് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്.വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കാണാതാകുന്നതിന് മുമ്പ് വിഷ്ണുജിത്ത് സുഹൃത്തിനെ വിളിച്ച് തനിക്ക് കുറച്ചാളുകള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ സീനാണ് എന്നും പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, വിഷ്ണുജിത്തിന് എന്തെങ്കിലും അപായം പറ്റിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ടെന്നും യുവാവിന്റെ സഹോദരി പറയുന്നു. വിഷ്ണുജിത്തിനെ കണ്ടെത്താനായി മലപ്പുറം എസ്പി രണ്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.