വിഷമദ്യദുരന്തം..42 മരണം..ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ…
കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 14 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദർശിക്കും.
കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് 26 പേരുടെ ജീവനാണ്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. നേരത്തേയും മെഥനോൾ അടങ്ങിയ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ആ കാര്യങ്ങൾ പൊലീസിനേയും സർക്കാർ വകുപ്പുകളിലും കൃത്യമായി അറിയിച്ചിരുന്നു. അന്ന് കൃത്യമായി നടപടി സ്വീകരിക്കാൻ ആരും തയ്യാറായില്ല. പൊലീസിന്റെയോ സർക്കാരിൻ്റെയോ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. അന്ന് നടപടികൾ സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു എന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.