വിഷം നല്‍കിയ കാര്യം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് ഗ്രീഷ്മ
വിഷം നല്‍കിയ വിവരം താന്‍ ഷാരോണ്‍ രാജിനോട് പറഞ്ഞിരുന്നെന്ന് പാറശാല കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി. കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച വിഷം തന്റെ അമ്മാവന്റെ അടുത്ത് നിന്നാണ് ശേഖരിച്ചത്. തുരിശ് തോട്ടത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായിരുന്നു നല്‍കിയത്. ഷാരോണ്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ മുഖം കഴുകാന്‍ പോയ സമയത്താണ് വിഷം കലര്‍ത്തിയത്. അതേസമയം ഗ്രീഷ്മയുടെ മൊഴി പൂര്‍ണമായും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തോട്ടത്തില്‍ അടിക്കാനുപയോഗിക്കുന്ന തുരിശ് അമ്മാവന്‍ അറിയാതെയാണ് താന്‍ കൈക്കലാക്കിയതെന്ന് ഗ്രീഷ്മ പറയുന്നു. ഷാരോണും ഗ്രീഷ്മയും വീട്ടിലും ഷാരോണിന്റെ സുഹൃത്ത് പുറത്തുമായിരുന്ന സമയത്താണ് വിഷം കലര്‍ന്ന കഷായം നല്‍കിയത്. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ആ സമയം അല്‍പം ഭയപ്പെട്ട താന്‍, വിഷാംശമുള്ള പദാര്‍ത്ഥം താന്‍ കഷായത്തില്‍ ചേര്‍ത്ത കാര്യം ഷാരോണിനോട് പറഞ്ഞെന്നാണ് ഗ്രീഷ്മ മൊഴി നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് ഷാരോണ്‍ പറഞ്ഞു. തനിക്ക് ഒഴിവാക്കാനുള്ള സാഹചര്യം അടക്കം ഷാരോണിനോട് താന്‍ പറഞ്ഞിരുന്നെന്നും ഗ്രീഷ്മ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞു. ഇക്കാര്യം പൂര്‍ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.