വിശാൽ കൊലക്കേസ് : ലൗ ജിഹാദ് വിഷയത്തിൽ വിശാലിനോട്… കൊലപാതകം നേരിൽ കണ്ടു….

മാവേലിക്കര- എ.ബി.വി.പി ചെങ്ങന്നൂർ നഗർ സമിതി അംഗം വിശാലിനെ ക്രിസ്ത്യൻ കോളേജിലേക്കുള്ള റോഡിൽ വെച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലചെയ്യുന്നത് താൻ നേരിൽ കണ്ടതാണെന്ന് സംഭവ കാലത്ത് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയും എ.ബി.വി.പി നഗർ സമിതി വൈസ് പ്രസിഡൻ്റുമായിരുന്ന വിനു രാജ് ക്രോസ് വിസ്താരത്തിൽ കോടതിയിൽ മൊഴി കൊടുത്തു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി പൂജ മുമ്പാകെയാണ് സാക്ഷി മൊഴി നൽകിയത്.

ചെങ്ങന്നൂർ ഭാഗത്ത് ലൗ ജിഹാദിനെതിരെയുള്ള പ്രവർത്തനങ്ങളിൽ വിശാൽ സജീവമായി ഏർപ്പെട്ടതിനാൽ പോപ്പുലർ ഫ്രണ്ടിൻ്റെയും കാമ്പസ് ഫ്രണ്ടിൻ്റെയും പ്രവർത്തകരായ പ്രതികൾക്ക് വിശാലിനോട് വിരോധം ഉണ്ടായിരുന്നതായി സാക്ഷി കോടതി മുമ്പാകെ പറഞ്ഞു. കോളേജിൽ അന്നേദിവസം ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സ് ആരംഭിക്കുന്ന ദിവസമായിരുന്നതിനാൽ താൻ അടക്കമുള്ള എ.ബി.വി.പി പ്രവർത്തകർ നവാഗതരെ സ്വീകരിച്ചുകൊണ്ട് നിന്ന സമയത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി.

എ.ബി.വി.പി പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. കേസിലെ തുടർസാക്ഷി വിസ്താരം ഇന്ന് നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാവുന്നത്.

Related Articles

Back to top button