വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു.. 25 കാരന് കഠിനതടവ്…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പന്നിയോട് അമ്മൻകുളങ്ങര ഷോജൻ ഭവനിൽ ഷോജിൻ (25) ആണ് പ്രതി. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ആണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒമ്പതുമാസം അധികം കഠിനതടവ് ലഭിക്കും. പ്രേരണക്കുറ്റം ആരോപിച്ചിരുന്ന രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു.

സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാനെത്തിയ പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ആളില്ലാത്ത സമയം വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്തു. കാട്ടാക്കട ഇൻസ്പെക്ടറാണ് ഡി. ബിജുകുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രംസമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ആണ് കോടതിയിൽ ഹാജരായത്.

Related Articles

Back to top button