വിവാഹത്തിൽ നിന്നും വരൻ പിന്മാറി.. കണ്ടെത്തിയ കാരണം വിചിത്രം…

വിവാഹം നിശ്ചയിച്ച്‌ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് ശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറി. അതിനായി കണ്ടെത്തിയ കാരണം വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞു എന്നതും. അതും പ്ലസ് ടു കാലത്തെ പരീക്ഷയിൽ മാർക്ക് കുറവായതിന്റെ പേരിലായിരുന്നു ഇയാൾ വധുവിനെ വേണ്ട എന്ന് വച്ചത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ തിര്വ കോട്വാലി സമീപപ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്.

വരൻ വധുവിന്റെ അച്ഛനെ വിളിച്ച് നിങ്ങളുടെ മകൾക്ക് പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറവാണ്. അതുകൊണ്ടാണ് താൻ ഈ വിവാഹത്തിൽ നിന്നും പിന്മാറുന്നത് എന്ന് അറിയിക്കുകയായിരുന്നുവത്രെ. എന്നാൽ, അത് വെറും കാരണമായി പറഞ്ഞതാണ്, ശരിക്കും സ്ത്രീധനം കുറവായതിനാലാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത് എന്നാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള ​ഗോദ് ഭരായി ചടങ്ങും കഴിഞ്ഞ ശേഷമാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതോടെ തന്റെ മകളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. മകൾ സോണിയെ ബഗൻവ ഗ്രാമത്തിലെ രാംശങ്കറിന്റെ മകൻ സോനുവിന് വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു.

വിവാഹത്തിന് വേണ്ടി 60,000 രൂപ അതിനോടകം പിതാവ് ചെലവഴിച്ചിട്ടുണ്ടായിരുന്നു. 15000 രൂപ കൊടുത്ത് വരന് ധരിക്കാനുള്ള മോതിരവും വാങ്ങി. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വരന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചു. എന്നാൽ, അത് നൽകാൻ വധുവിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ല. അതോടെയാണത്രെ പെൺകുട്ടിക്ക് സ്കൂൾ പരീക്ഷയിൽ മാർക്ക് കുറവാണ് എന്നും പറഞ്ഞ് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത്.

Related Articles

Back to top button