വിവാഹത്തില്‍ നിന്ന് വധു പിന്മാറി… കാരണം….
എറണാകുളം: വിവാഹ മുഹൂര്‍ത്തത്തില്‍ വരന് മാലയണിയിക്കാതെ വിവാഹത്തില്‍ നിന്ന് പിന്മാറി യുവതി. വരണമാല്യവുമായി നില്‍ക്കുന്നതിനിടയില്‍ വരനോട് രഹസ്യമായി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ആയിരുന്നു യുവതിയുടെ പിന്മാറ്റം. പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് ഇന്നലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇരുവിഭാഗത്തില്‍ നിന്നുമുള്ള ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു വധുവിന്‍റെ നടപടി.ആദ്യം പെണ്ണുകാണാനെത്തിയ യുവാവുമായി ഉണ്ടായിരുന്ന സൗഹൃദം പ്രണയമായത് യുവതി വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ ബന്ധത്തിന് എതിരെ നിന്നതോടെയാണ് മറ്റൊരാളുമായി കതിര്‍മണ്ഡപം വരെയുള്ള നാടകത്തിന് യുവതി തയ്യാറായത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവുമായി വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. വധു തന്നെ വിവരം പറഞ്ഞതോടെ വരന്‍ താലി ചാര്‍ത്തുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വധു മണ്ഡപത്തിലെത്തിയതെന്ന് വരനും ബോധ്യമാവുകയായിരുന്നു.വിവാഹം തടസപ്പെട്ടതോടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ പൊലീസ് എത്തിയാണ് സംഭവം രമ്യതയിലാക്കിയത്. വരന്‍റെ കുടുംബത്തിനുണ്ടായ ചെലവ് വധുവിന്‍റെ കുടുംബം നല്‍കാനും ധാരണയായി. എംകോം ബിരുദധാരിയായ യുവതിയുടെ വിവാഹം ഇന്ന് പൊതുപ്രവര്‍ത്തകര്‍ യുവതിയുമായി ഇഷ്ടത്തിലായ യുവാവുമായി നടത്തി നല്‍കി.