വിവാഹചടങ്ങിനിടെ വരൻ വിഷം കഴിച്ച് മരിച്ചു… വധു….
വിവാഹ ചടങ്ങിനിടെ വിഷം കഴിച്ച് വരൻ മരിച്ചു. വധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹചടങ്ങിനിടെ ഇരുവരും വഴക്കിടുകയായിരുന്നെന്നും തുടർന്ന് 21കാരനായ വരൻ വിഷം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ വധുവും വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ദീപക് അഹിർവാർ (28) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം.
കനാഡിയ ഏരിയയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വധു 20 കാരിയായ നിഷയുടെ നില അതീവഗുരുതരമായി തുടരുകയാണന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) റംസാൻ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു വര്‍ഷം മുൻപാണ് ദീപക്കിന്‍റെയും നിഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒരു ക്യാബ് കമ്പനിയുടെ മാനേജരായിരുന്നു ദീപക്. എന്നാൽ ജോലിയിൽ തൃപ്തനല്ലാത്തതിനാൽ വിവാഹത്തിന് മുമ്പ് മികച്ച ജോലി കണ്ടെത്തണമെന്നായിരുന്നു ദീപകിന്‍റെ ആഗ്രഹം. കഴിഞ്ഞ കുറേ നാളുകളായി യുവതി വിവാഹത്തിന് സമ്മർദം ചെലുത്തിയിരുന്നതായി വരന്റെ വീട്ടുകാർ പറയുന്നു. എന്നാൽ ജോലിയും കരിയറും കുറച്ച് കൂടി മെച്ചപ്പെടുത്താൻ വിവാഹം രണ്ട് വർഷം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു വരന്റെ നിലപാട്. ഇതിനെത്തുടർന്ന് വധു വരനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും വരന്റെ വീട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ സമ്മർദത്തെ തുടര്‍ന്നാണ് ദീപക് വിവാഹത്തിന് സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുകുടുംബങ്ങളുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.