വിഴിഞ്ഞത്ത് സീസൺ മുന്നൊരുക്കം…… സുരക്ഷയ്ക്ക് 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ….

മത്സ്യബന്ധന സീസണോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സബ് കളക്‌ടർ അശ്വതി ശ്രീനിവാസിന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കടൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും തീരസുരക്ഷ, ശുചീകരണം എന്നിവ നടത്താനും യോഗത്തിൽ തീരുമാനമായി. സീസണിൽ വിഴിഞ്ഞത്ത് മുഴുവൻസമയ ആംബുലൻസ് സേവനം ലഭ്യമാക്കും. ഇതാദ്യമായാണ് സീസണിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിനായി ഡി.എം.ഒയ്ക്ക് കത്തുനൽകും. ഫിഷറീസ് കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ വാടക ബോട്ട്, വള്ളങ്ങൾ എന്നിവയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ആവശ്യം വന്നാൽ കോസ്‌റ്റ് ഗാർഡ് സേവനം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കും.

സുരക്ഷയ്ക്കായി അടുത്ത ആഴ്ചയോടെ 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തും. ഇവർക്കായി വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ഷെഡുകൾ തയ്യാറായിക്കഴിഞ്ഞു. രാപകൽ പട്രോളിംഗ് കർശനമാക്കുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. എക്സൈസും നിരീക്ഷണത്തിനുണ്ടാകും. ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. താത്കാലിക ടോയ്‌ലെറ്റ് സംവിധാനവും സജ്ജമാക്കും. തീരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.ഫിഷ്‌ ലാൻഡ് പ്രദേശം ശുചിയാക്കാൻ തൊഴിലാളികളെ നിയമിക്കൽ,​ശുദ്ധജല ലഭ്യത,സുരക്ഷാവിളക്കുകൾ,കൂടുതൽ ബസുകൾ,ബസ് സ്റ്റാൻഡ് മുതൽ ഫിഷ് ‌ലാൻഡ് പ്രദേശം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി എന്നിവയും നടപ്പാക്കാൻ യോഗം തീരുമാനിച്ചു. 10ന് അവലോകനയോഗം നടക്കും.വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ,ഇടവക,ജമാഅത്ത് പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button