വില്ലേജ് ഓഫീസറുടെ ആത്മഹത്യ.. ഗുരുതര ആരോപണങ്ങളുമായി കുടുംബം…
പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മനോജിന്‍റെ ആത്മഹത്യക്കുള്ള പ്രേരണ എന്താണെന്ന് കണ്ടെത്തണമെന്നും മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ സഖാക്കളുമായി പ്രശ്നമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണില്‍ രാവിലെ ഒരു വിളിയെത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.ഇതിനിടെ മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയതായി സഹോദരീ ഭര്‍ത്താവ് പറഞ്ഞു. കുണ്ടറ സ്വദേശിയായ മുൻ വില്ലേജ് ഓഫീസർ കടമ്പനാട് നിന്ന് പേടിച്ച് സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അതേസമയം മനോജിന്‍റെ പോക്കറ്റില്‍ നിന്ന് പൊലീസിന് കിട്ടിയ ആത്മഹത്യാകുറിപ്പില്‍ എന്താണ് എന്നതിനെ കുറിച്ച് ഇതുവരെയും വ്യക്തത ആയിട്ടില്ല.