വിലപിടിപ്പുള്ള 15 വസ്തുക്കൾ നഷ്ടമായി… മോഷണം നടന്നു….
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. വിലപിടിപ്പുള്ള 15 വസ്തുക്കൾ നഷ്ടമായതായി ഡിവൈ.എസ്.പി വൈ.ആർ റസ്റ്റം പറഞ്ഞു. ഇന്ന് ഉച്ചയോടെ മോൻസന്റെ കലൂരിലെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് പിന്നാലെ ആണ് മോഷണം നടന്നെന്ന് സ്ഥിരീകരിച്ചത്.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൻ രംഗത്തെത്തിയിരുന്നു. മാർച്ച് എട്ടിനു വീട്ടിൽ മോഷണം നടന്നുവെന്നാണു പരാതിയിൽ പറഞ്ഞത്. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടിയിരുന്നു.
മോൻസന്റെ വീട്ടിലെ ചില വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പുരാവസ്തുക്കളല്ല ഇവയെന്നും ഡിവൈ.എസ്.പി പറഞ്ഞു. വസ്തുക്കൾ കൈമാറാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. വീട് പൊളിച്ചല്ല മോഷ്ടാവ് അകത്ത് കയറിയതെന്നും ഇവിടെ നല്ല പരിചയമുള്ളയാളാകും സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.