വിറക് കൊണ്ടടിച്ച് അച്ഛനെ കൊലപ്പെടുത്തിയകേസിൽ മകൻ പിടിയിൽ…ക്രൂരത മദ്യലഹരിയിൽ…
തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകന്‍റെ അടിയേറ്റ അച്ഛൻ ചികിത്സയിലിരിക്കേ മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മൂത്തമകൻ രാജേഷിനെ (42) മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മരണത്തിനു കാരണം മകന്‍റെ മർദനമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് നടപടി.മെയ് നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. രാജേന്ദ്രനും മകൻ രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകന്‍റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നു. അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും മറ്റു ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. മറിഞ്ഞുവീണു പരിക്കുപറ്റിയതായാണ് ആശുപത്രിയിൽ പറഞ്ഞത്. പൊലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കാനും ശ്രമമുണ്ടായി. 11 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്.