വിരമിക്കൽ പ്രഖ്യാപനവുമായി മലയാളി ഗോളി; പാരിസ് ഒളിമ്പിക്സിന് ശേഷം കളി നിർത്തും…
വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനുമായ പി.ആർ. ശ്രീജേഷ്. പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെയാണ് മലയാളി താരം അറിയിച്ചത്. 18 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.
2006 ൽ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ രാജ്യത്തിനായി കുപ്പായമണിഞ്ഞു. 2020ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്ന ശ്രീജേഷ് രണ്ടുതവണ ഏഷ്യാ കപ്പ് വിജയത്തിലും നാലുതവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും ടീമിനൊപ്പമുണ്ടായിരുന്നു. രാജ്യത്തെ മികച്ച കായിക താരത്തിനുള്ള ബഹുമതിയായ ഖേൽ രത്ന പുരസ്കാരവും നേടി. 36കാരനായ ശ്രീജേഷ് നാലാം ഒളിമ്പിക്സിനാണ് പാരിസിലേക്ക് തിരിക്കുന്നത്.