വിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് പറന്നത്, ദക്ഷിണാഫ്രിക്ക-നെതര്‍ലാന്‍ഡ്സ്
ദക്ഷിണാഫ്രിക്കയില്‍ നിന്നും ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് അയാള്‍ പറന്നത് നെതര്‍ലാന്‍ഡ്സ് വരെ. കാര്‍ഗോലക്സ് ബോയിങ് 747 വിമാനത്തിന്റെ ചക്രത്തിനിടയില്‍ നിന്നും ഇയാളെ കണ്ടെത്തിയത് ഡച്ച് മിലിറ്ററി പൊലീസാണ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കെനിയയിലെ നെയ്റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ഇത്രയും സമയം ഇയാള്‍ ചക്രത്തിനിടയില്‍ തന്നെയായിരുന്നു. ഇതുവരെ പേരും വയസ്സും പൗരത്വവും വെളീപ്പെടുത്താത്ത ഈ മനുഷ്യന്‍ ജീവനോടെ ഇരിക്കുന്നു എന്നത് തികച്ചും ഒരു അദ്ഭുതകരമായ കാര്യമാണ്. ഇത്രയധികം ഉയരത്തില്‍ പറക്കുമ്പോഴുണ്ടാകുന്ന തണുപ്പും അന്തരീക്ഷ മര്‍ദ്ദ വ്യത്യാസവും ഒരാള്‍ അതിജീവിക്കുക എന്നത് സ്വപ്നതുല്യമാണ്. ഷിഫോള്‍ വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം ഈ വിമാനം മണിക്കൂറില്‍ 550 മൈല്‍ വേഗതയില്‍ 35,0000 അടി ഉയരത്തിലാണ് സഞ്ചരിച്ചത്.
IFrame
IFrame
35,000 അടി ഉയരത്തിലെ സാധാരണ അന്തരീക്ഷ താപനില മൈനസ് 54 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മാത്രമല്ല, സമുദ്രനിരപ്പില്‍ ഉള്ളതിനേക്കാള്‍ 25 ശതമാനത്തോളം ഓക്സിജന്‍ കുറവുമായിരിക്കും ഈ ഉയരത്തില്‍. മാത്രമല്ല, ഇത്തരത്തില്‍ ചരക്ക് വിമാനങ്ങളിലെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക്, വിമാനം പറന്നുയരുന്ന സമയത്ത് ചക്രങ്ങള്‍ അകത്തേക്ക് വലിയുമ്പോള്‍ ചതഞ്ഞരയുവാനോ അല്ലെങ്കില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവ തുറക്കുന്നതുമൂലം ഉയരത്തില്‍ നിന്നും വീണ് മരണമടയുവാനും സാധ്യതയുണ്ട്.