വിനോദ സഞ്ചാരിയ്ക്ക് ഞെട്ടിപ്പിക്കുന്ന അനുഭവം…ഹോട്ടൽ മുറിയിൽ….
വിനോദ സഞ്ചാരി ഹോട്ടലിൽ മുറിയെടുത്തപ്പോൾ റൂമിനകത്ത് അസഹ്യമായ ദുർഗന്ധമുണ്ടായി. തുടർന്ന് സഞ്ചാരി ഈ വിവരം പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റൂമിലെ കട്ടിലിനടിയിൽ ഒരു മൃതദേഹം. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായും പ്രതിയെ പിടികൂടിയതായും റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ ഹോട്ടലിലെത്തിയ ചൈനീസ് സഞ്ചാരിയാണ് ദുരനുഭവം നേരിട്ടത്.
ഏപ്രിൽ 21നാണ് ലാസയിലെ ഹോട്ടലിൽ മുറിയെടുത്തപ്പോൾ ദുർഗന്ധം അനുഭവിച്ചതെന്ന് സഞ്ചാരി ഒരു ചൈനീസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഏപ്രിൽ 20നായിരുന്നു സഞ്ചാരിയും സുഹൃത്തുക്കളും ലാസയിലെത്തിയത്. ഏപ്രിൽ 21 ന് വൈകീട്ട് രാത്രി ഭക്ഷണത്തിനായി പുറത്തുപോയ ഇയാൾ 10.30ന് ഹോട്ടലിൽ തിരിച്ചെത്തി. തുടർന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് താൻ നാലാം നിലയിലേക്ക് റൂം മാറ്റിത്തരണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കുറിച്ചു. തുടർന്ന് ഏപ്രിൽ 22ന് പൊലീസെത്തി സഞ്ചാരിയെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഇയാൾ ആദ്യം കിടന്ന മുറിയിൽ കൊലപാതകം നടന്നതായി അറിയിക്കുകയും ചെയ്തു. സഞ്ചാരിയുടെ ഡി.എൻ.എ സാംപിൾ വാങ്ങിയ ശേഷം പൊലീസ് അയാളെ വിട്ടയച്ചു. വാങ് എന്നയാളുടെ മൃതദേഹമാണ് ഹോട്ടലിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടതായി വിവരം ലഭിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ട്രെയിനിൽ വെച്ച് പിടികൂടുകയായിരുന്നു.