വിധി തോറ്റു.. പ്രണയം വിജയിച്ചു…

ഏത് പ്രതിസന്ധിയിലും കരം പിടിച്ച് കൂടെയുണ്ടാകുമെന്ന വാക്ക് പാലിച്ച് സബിത. വിധിയെ തോൽപിച്ച് അവരുടെ പ്രണയം പൂവണിഞ്ഞു. ഇന്നലെ സബിതയുടെയും ശിവദാസന്റെയും വിവാഹമായിരുന്നു. ശിവദാസന്റെ മുറപ്പെണ്ണാണ് സബിത. പ്രണയത്തിലായിരുന്ന ഇരുവരെയും ഒന്നിപ്പിക്കാൻ വീട്ടുകാർക്കും പരിപൂർണ്ണ സമ്മതം. എന്നാൽ ഈ ജീവിതങ്ങൾക്കിടയിൽ വില്ലനായത് വിധിയാണ്.

ഇവരുടെ വിവാഹ നിശ്ചയം നടത്തിവെച്ചിരിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു ശിവദാസൻ. ജോലിക്കിടെ സംഭവിച്ച അപകടത്തെ തുടർന്ന് ശിവദാസന്റെ അരക്ക് താഴേക്ക് തളർന്നു പോയി. തളരാൻ സബിത തയ്യാറായിരുന്നില്ല. കിടക്കയിലായിപ്പോയ ശിവദാസനെ പരിചരിച്ചും സ്നേഹിച്ചും സബിത കൂടെ നിന്നു. സബിതയുടെ എട്ടുവർഷത്തെ പരിചരണത്തിന്റെയും സ്നേഹത്തിന്റെയും ഫലമായി കിടക്കയിൽ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലേക്ക് ശിവദാസൻ എത്തി. ഈ എട്ടു വർഷത്തിനിടെ വിവാഹത്തെക്കുറിച്ച് ഇരുവരും ചിന്തിച്ചതേയില്ലെന്നാണ് വാസ്തവം.

ശിവദാസനെ സഹായിക്കാനെത്തിയ തരിയോട് സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തകരാണ് ഇരുവരുടെയും ജീവിതകഥയറിഞ്ഞ് വിവാഹത്തിന് മുൻകൈയെടുത്തത്. ഞായറാഴ്ച വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങിൽ ശിവദാസനും സബിതയും പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു. വീൽചെയറിലിരുന്നാണ് ശിവദാസൻ സബിതയുടെ കഴുത്തിൽ താലി ചാർത്തിയത്. വരനെ വീൽചെയറിലിരുത്തി വധു വിവാഹ മണ്ഡപത്തിന് വലം വെച്ചു. അങ്ങനെ വെങ്ങപ്പള്ളി ലാൻഡ്ലസ് കോളനിയിലെ ശിവദാസന്റെയും ചൂരിയാറ്റ കോളനിയിലെ സബിതയുടെയും പ്രണയം പ്രതിബന്ധങ്ങളെ മറികടന്ന് ദാമ്പത്യത്തിലേത്തെയിരിക്കുകയാണ്.

Related Articles

Back to top button