വിധിയിൽ തൃപ്തി..എത്രയും വേഗം അവനെ കൊല്ലണമെന്ന് ജിഷയുടെ അമ്മ…
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയിൽ തൃപ്തി രേഖപ്പെടുത്തി ഇരയുടെ അമ്മ. ‘കോടതിയില്‍ നിന്നും നീതി ലഭിച്ചു. എന്റെ മകള്‍ അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. ഇനി കേരളത്തില്‍ ഒരാള്‍ക്കും, ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ക്രൂരമായ അനുഭവമുണ്ടാകരുത്. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു’ എന്നും നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു.
ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്. എന്റെ മകൾ എത്ര വേദനകൾ സഹിച്ചു, ആ വേദന അവനും അനുഭവിക്കണം. തൂക്ക് കയർ കിട്ടണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. അത്ര ക്രൂരമായാണ് എന്റെ മകളെ അയാൾ ഉപദ്രവിച്ചത് .അവനെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നും’ അവര്‍ ആവശ്യപ്പെട്ടു. പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.