വിധിയില്‍ സന്തോഷം, ചോറു കൊടുത്ത കൈക്ക് കൊത്തി
മാവേലിക്കര- ചോറു കൊടുത്ത കൈക്ക് കൊത്തിയെന്ന് വിധി കേട്ട ശേഷം ഹരികൃഷ്ണന്റെ മാതാവ് ചന്ദ്രികയും സഹോദരി ശ്രീജയും പ്രതികരിച്ചു. പൊലീസിനോടും പ്രോസിക്യൂഷനോടും അമ്മയും മകളും നന്ദി പറഞ്ഞു.
അച്ഛന് ബാലകൃഷ്ണ പിള്ള 22 വര്‍ഷം മുമ്പ് മരിച്ചു. ഏക മകനാണ് ഹരികൃഷ്ണന്. ബിടെക് പാസായ ശേഷം വിദേശത്ത് എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടില്‍ തിരികെയെത്തി കൊപ്രയുടെ മൊത്തവ്യാപാര ബിസിനസ് നടത്തുകയായിരുന്നു. ഹരികൃഷ്ണന്റെ അടുത്ത സുഹൃത്തായിരുന്നു ജോമോന് വീട്ടിലെത്തുമ്പോള്‍ ഭക്ഷണം വിളമ്പി കൊടുത്തിരുന്നത് താനാരുന്നു എന്ന് ചന്ദ്രിക പറഞ്ഞു.
ഹരികൃഷ്ണന് കൊല്ലപ്പെട്ട ദിവസം ജോമോന്റെ വിവാഹ വാര്‍ഷികമായിരുന്നു. ഇതിന്റെ ചിലവിലേക്ക് ജോമോന് 15000 രൂപ കൊടുത്തതും ഹരികൃഷ്ണനാണെന്ന് ചന്ദ്രിക പറഞ്ഞു. സ്വന്തം മകനെ പോലെയാണ് അവനെ കണ്ടത്, അവന് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ് ചന്ദ്രിക പൊട്ടിക്കരഞ്ഞു. വിവാഹ വാര്‍ഷികത്തിന് 5 കിലോയുടെ കേക്ക് ഉണ്ടാക്കി കൊടുക്കുയും ആദ്യാവസാനം മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്തത് താനാണെന്ന് ശ്രീജ പറഞ്ഞു.