വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല ഹിന്ദുത്വം..പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി…
പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ വിമർശിച്ചു.ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.
ഇതോടെ സഭയില്‍ എഴുന്നേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുലിന്റെ പ്രസംഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞു. ഹിന്ദുക്കളെ രാഹുല്‍ അക്രമകാരികളെന്ന് വിളിച്ചത് ഗൗരവമായി കാണണമെന്നും പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്നും മോദി പറഞ്ഞു.അതേസമയം രാഹുല്‍ ഗാന്ധി ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള എതിര്‍ത്തു.പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങളാണ് രാഹുല്‍ പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
താന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. രാമജന്മഭൂമി തന്നെ ബിജെപിക്ക് മറുപടി നല്‍കിയെന്ന് രാഹുല്‍ പറഞ്ഞു. രാമക്ഷേത്രം പണിതിട്ടും അയോധ്യയില്‍ ബിജെപി തോറ്റു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായി അയോധ്യക്കാര്‍ ആരും ഉണ്ടായില്ല. മോദി അയോധ്യയില്‍ നിന്ന് വാരാണാസിയിലേക്ക് പോയത് അവിടെ മത്സരിച്ചാല്‍ തോല്‍ക്കുമെന്നുറപ്പായതിനാലാണെന്നും അയോധ്യക്കാരെ മാത്രമല്ല ബിജെപി നേതാക്കളെയും മോദി ഭയക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.