വിദ്യാർഥിനികളോട് മോശം പെരുമാറ്റം : സി.പി.എം നേതാവിനെ സസ്പെൻഡ് ചെയ്തു

മാവേലിക്കര: വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും ഗ്രാമപഞ്ചായത്തംഗവുമായ സി.പി.എം നേതാവിനെ സസ്പെൻഡ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗവുമായ കൈതവടക്ക് ശ്രീഭവനിൽ എസ്.ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേർന്ന മാവേലിക്കര ഏരിയാ കമ്മിറ്റി യോഗത്തിൻ്റെതാണ് തീരുമാനം. ഇന്ന് ചേരുന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്യും.

അമ്പലപ്പുഴ കാക്കാഴത്തെ എയ്ഡഡ് ടി.ടി.ഐ അധ്യാപകനായ ഇയാൾക്കെതിരെ ആദ്യം നാലു വിദ്യാർഥിനികളാണ് സ്കൂൾ മാനേജ്മെൻ്റിനു പരാതി നൽകിയത്. സ്കൂൾ അധികൃതർ പോലീസിന് പരാതി നൽകാൻ തയാറായില്ല. തുടർന്ന് വിദ്യാർഥികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇതേത്തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു. പിന്നീട് മറ്റൊരു വിദ്യാർഥിനി നൽകിയ പരാതിയിൽ പുന്നപ്ര പൊലീസ് കേസെടുത്തതോടെ ഇയാൾ റിമാൻഡിലാവുകയായിരുന്നു. ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചെട്ടികുളങ്ങരയിൽ ബി.ജെ.പിയും യൂത്തുകോൺഗ്രസും സമരരംഗത്തത്തിയിരുന്നു. ആരോപണ വിധേയനായ പഞ്ചായത്തംഗത്തിനൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെ.പി അംഗങ്ങൾ കത്തു നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു.

Related Articles

Back to top button