വിദ്യാര്‍ഥിനിയെ കാണാനില്ല…. കണ്ടെത്തിയത് അയല്‍വാസിയുടെ കട്ടിലിന്‍റെ അടിയില്‍ നിന്ന്…..
കോട്ടയം : കാണാതായ വിദ്യാര്‍ഥിനിയെ അയല്‍വാസിയുടെ വീട്ടിലെ കട്ടിലിന്‍റെ അടിയില്‍ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തി. കുട്ടി ഒളിച്ചിരുന്ന വീട്ടിലുള്ളവര്‍ ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോയി വൈകുന്നേരം 5.30നാണ് തിരിച്ചെത്തിയത്. രാത്രിയോടെ മുറിയില്‍ കട്ടിലിന്‍റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് നോക്കുമ്പോഴാണു കാണാതായ വിദ്യാർഥിനിയെ തങ്ങളുടെ വീട്ടിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുടമസ്ഥ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഒളിച്ചിരുന്ന മുറി ഈ വീട്ടിലെ വിവാഹിതയായ മകള്‍ എത്തുമ്പോള്‍ മാത്രം ആണ് ഉപയോഗിച്ചിരുന്നത്.ചൊവ്വാഴ്ച വൈകുന്നേരം 5.30ന് വീടിനുള്ളില്‍ കയറി ഒളിച്ചതായാണ് വിദ്യാര്‍ഥിനി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് വൈദ്യപരിശോധനകള്‍ക്കായി പാന്പാടി ആശുപത്രിയില്‍ എത്തിച്ചു. കൂരോപ്പട മാതൃമല താമസിക്കുന്ന വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതലാണ് കാണാതായത്. ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അയല്‍വീടുകളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എത്തുകയും മടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണു കാണാതായത്. രാത്രി വൈകിയും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പാമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.മാതൃമലയിലും പരിസര പ്രദേശങ്ങളും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വീണ്ടും തെരച്ചില്‍ നടത്തി. ഡോഗ് സ്ക്വാഡും എത്തി. തോണക്കര ഭാഗത്തു വരെ പോലീസ് നായ മണം പിടിച്ച് എത്തി. തുടര്‍ന്ന് അവിടെയും വിശദമായ തെരച്ചില്‍ നടത്തിയിരുന്നു.